INTRO S

 An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം - 19

ഈ എഴുത്തിൽ യാതോരുവിധ കടിച്ചാൽ പൊട്ടാത്ത സാങ്കേതിക പദങ്ങളും, അഗാധ പാണ്ഡിത്യത്തിന്റെ സൂചന നൽകുന്ന ഗഹനം എന്ന് കരുതിക്കൂട്ടി സൂചനയും അവകാശവാദവും നൽകുന്ന കാര്യങ്ങളും ഇല്ലാ എന്നാണ് പറയാനുള്ളത്. 

ആശയങ്ങൾ വിശദീകരിക്കാനായി ഉപയോഗിക്കുന്ന ഉദാഹരണങ്ങളും ചിത്രീകരണങ്ങളും മറ്റും പലപ്പോഴും സാമൂഹിക നിത്യ ജീവിതത്തിൽ നിന്നും ഒപ്പിയെടുക്കുന്നത് തന്നെയാണ്. 

മനുഷ്യനെ 'പീക്കിരി' പ്രകൃതത്തിലേക്ക് നയിക്കുന്ന ഭാഷാ കോഡുകളുടെ പ്രവർത്തനം ഒരു ഉദാഹരണത്തിലൂടെ ചിത്രീകരിക്കാനാണ് ഇനി ശ്രമിക്കുന്നത്. 

ഈ എഴുത്തുകാരൻ 1980കളിൽ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്തിന് തൊട്ടു പിന്നാലെയായി കൂടെ പഠിച്ചവർ പലരും മലബാറിലേക്ക് സർക്കാർ /ബാങ്ക് ജോലികിട്ടി വന്നിരുന്നു. 

അന്ന് മലബാറിൽ മലയാളം ഔപചാരിക വിദ്യാഭ്യാസം കിട്ടിയവരിൽ പടർന്നിരുന്നെങ്കിലും, ഈ പാതയിലൂടെ കടന്നുവരാത്തവർ മലബാറി ഭാഷയുടെ പലവിധ വകഭേദങ്ങൾ തന്നെയാണ് സംസാരിച്ചിരുന്നത്. 

തിരുവിതാംകൂറിൽ നിന്നും വന്നവർക്ക് അന്ന് ഏറ്റവും കൂടുതൽ അത്ഭുതമായിരുന്നത് 
മലബാറിൽ ജനങ്ങൾ ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് സംബോധന ചെയ്യാനും മാത്രം ധൈര്യം കാട്ടുന്നു എന്നുള്ളതായിരുന്നു. ഈ സംഗതിയെക്കുറിച്ച് അവർക്ക് ഗഹനമായ വിവരം ഇല്ലായിരുന്നു. മലബാറിയിൽ 'നിങ്ങൾ' എന്നും 'ഇങ്ങൾ' എന്നും രണ്ട് പദ ഭേദങ്ങൾ ഉള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സ്വകാര്യ ബസ് ജീവനക്കാർ പോലീസുകരേയും പോലീസ് ഇൻസ്പെടറേയും മറ്റും 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്നത് ഒരു മലയാളിക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പറയുവാനുണ്ട്. കാരണം, യാഥാർത്ഥ്യം പൊടുന്നനെ കാണുന്ന ഉദാഹരണങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല. കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ല. 

മലബാറിലെ സ്വകാര്യ ബസ് ജീവനക്കാർക്ക് തിരുവിതാംകൂറിലെ വാണിജ്യ വാഹന ഡ്രൈവർമാരെ അപേക്ഷിച്ച്, കുറച്ച് ഉയർന്ന വ്യക്തിത്വം ആണ് ഉള്ളത് എന്ന ഒരു തോന്നൽ വന്നു.  തിരുവിതാംകൂറിൽ അന്നു പല ഉൾ പ്രദേശങ്ങളിലും സ്വകാര്യ ബസ്സുകൾ ഓടുന്നുണ്ടായിരുന്നു. ആ ബസ്സുകളിലെ ജീവനക്കാർക്ക് വ്യക്തിത്വം കുറവും, ആകപ്പാടെ ഒച്ചയും ബഹളവും ഞെട്ടിക്കലും ബസ്സിന്റെ ബോഡിയിൽ ഇട്ട് അടിക്കലും മറ്റും നിത്യസംഭവമായിരുന്നു. 

എന്നാൽ മലബാറിൽ, സ്വകാര്യ ബസ്സുകൾക്ക് നല്ല നിലവാരവും ജീവനക്കാർക്ക് ആപേക്ഷികമായി കൂടുതൽ മെച്ചപ്പെട്ട വ്യക്തിത്വവും ഉണ്ട് എന്നൊരു തോന്നൽ മലബാറിലെ പല പട്ടണങ്ങളിലും ജോലിചെയ്യുന്ന തിരുവിതാംകൂറിൽ നിന്നും വന്ന സർക്കാർ /ബാങ്ക് ജീവനക്കാർക്കും പെട്ടന്ന് അനുഭവപ്പെട്ടിരുന്നു. 

(എന്നാൽ, പൊതുജനങ്ങളെക്കുറിച്ച് മറ്റ് ചില തോന്നലുകൾ ഉണ്ടായിരുന്നതിനെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല ഇപ്പോൾ)

ഈ വിലയിരുത്തൽ പൂർണ്ണമായും ശരിയായിരുന്നില്ല. കാരണം, മലബാറി ഭാഷ, താഴോട്ടേക്ക് കാര്യമായിത്തന്നെ മനുഷ്യവ്യക്തിത്വം അമർത്തുന്ന വാക്ക്-കോഡുകൾ ഉള്ളതാണ്. 

എന്നാൽ, പൊതുവായിപ്പറഞ്ഞാൽ, മലബാറിലെ മാപ്പിളമാരും (മലബാർ മുസ്ളിംസ്) മലബാറിതന്നെയാണ് സംസാര ഭാഷയായി ഉപോഗിച്ചിരുന്നതെങ്കിലും, അവർ ഈ ഭാഷയിലെ 'ഇഞ്ഞി',' ഓൻ', 'ഓള്', തുടങ്ങിയ വാക്കുകൾ കുറച്ചുകൂടി സമത്വസൂചനാ വാക്കുകളായാണ് (പ്രാദേശിക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ) ഉപയോഗിച്ചിരുന്നത്. 

ഇതിനാൽത്തന്നെ ഈ വാക്കുകളുടെ പ്രഹരം മാപ്പിളമാരിൽ അധികമായുള്ള മാനസികാഘാതം സൃഷ്ടിച്ചില്ലാ എന്നാണ് തോന്നുന്നത്.  വേറെയും കാരണങ്ങൾ ഉണ്ടാവാം. 

ഇത്രയും പറഞ്ഞത് മറ്റൊരു കാര്യം വിശദീകരിക്കാനുള്ള പശ്ചാത്തലം ഒരുക്കാനാണ്. 

അത് അടുത്ത എഴുത്തിൽ നൽകാം. ...
 തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments