INTRO Q

An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം - 17


'പീക്കിരി', 'അൽപ്പൻ' തുടങ്ങിയ വാക്കുകൾക്ക് തത്തുല്യമായ ഇങ്ഗ്ളിഷ് പദങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ആലോചിച്ചിട്ട് ഇങ്ങിനെയുള്ള പദങ്ങൾ കണ്ടെത്താൻ പറ്റിയില്ല. ഇതിന് അടുത്തുള്ള അർത്ഥങ്ങൾ വരുത്താൻ പറ്റുന്ന വാക്കുകൾ ഉണ്ടെങ്കിലും, മലയാളത്തിൽ ഈ വാക്കുകൾ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളെ നിർവ്വചിക്കാനാവുന്ന വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് തോന്നുന്നത്. തീർത്ത് പറയാൻ മാത്രം ഗഹനമായി ഇക്കാര്യം പഠനത്തിന് വിധേയമാക്കിയിട്ടില്ല. 

[ഇങ്ഗ്ളിഷിൽ 'over-smart' എന്നൊരു പദം 'അൽപ്പൻ' എന്നതിന് അടുത്തായി ഉപയോഗിച്ച് കാണുന്നുണ്ട് എന്നാൽ ആ പദം ഇങ്ഗ്ളിഷ് നിഖണ്ടുവിൽ ഇല്ലാ എന്നാണ് തോന്നുന്നത്. ഈ വാക്ക് മലയാളത്തിലെ 'അൽപ്പൻ' എന്ന വാക്കിനെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. അതേ പോലെതന്നെ 'small guy acting too big' എന്ന വാക്കുകൾ 'പീക്കിരി' എന്ന വാക്കിനെ നിർവ്വചിക്കുന്ന രീതിയിൽ ഉപയോഗിക്കാമെങ്കിലും, അതും അപര്യാപ്തമാണ്.]

ഈ വാക്കുകൾ ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വ കോഡുകൾ പലവിധേനെ സൃഷ്ടിക്കുന്ന മനുഷ്യവ്യക്തിത്വങ്ങളാണ് എന്നാണ് തോന്നുന്നത്. 

ഇവിടെ ഇപ്പോൾ 'പീക്കിരി' എന്ന വാക്ക് എടുക്കാം. 

പലപ്പോഴും പലകാരണത്താൽ, മനുഷ്യാത്മാവിന് അർഹതപ്പെട്ട വ്യക്തിത്വം ഭാഷാ കോഡുകളിലൂടെ മറ്റുള്ളവർ നൽകാതിരുന്നാൽ ഉളവാകുന്ന വ്യക്തിത്വമാവാം 'പീക്കിരി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

തന്നെപ്പോലുള്ള മറ്റുള്ളവർക്ക് വാക്ക്-കോഡുകളിൽ ലഭിക്കുന്ന ബഹുമാനം ലഭിക്കാതിരിക്കുന്ന ആളുകളാണ് ഈ 'പീക്കിരി' വ്യക്തിത്വം പ്രദർശിപ്പിക്കുക. സാധാരണയായി, മലയാളവും, തമിഴും, മലബാറിയും മറ്റും തരംതാണതായി നിർവ്വചിക്കുന്ന തൊഴിലുകളിൽപ്പെട്ടവാരാണ്  ഈ വ്യക്തിത്വത്തിന് അടിമപ്പെടുക. എന്നാൽ വാസ്തവത്തിൽ ഈ ഭാഷകൾ സംസാരിക്കുന്ന ആളുകളിൽ, എല്ലാ തൊഴിൽ നിലവാരത്തിലും, 'പീക്കിരി' വ്യക്തിത്വം കാണാവുന്നതാണ്. 

കുറച്ചുംകൂടി തെളിച്ചു പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന നല്ലൊരു ശതമാനം ആളുകൾക്കും ഒരു വേദിയിൽ അല്ലെങ്കിൽ മറ്റൊരു വേദിയിൽ 'പീക്കിരി' വ്യക്തിത്വം ഉണ്ടാവാം. ഇതിന് ഒഴിവായിനിൽക്കുന്നവർ ഫ്യൂഡൽ ഭാഷയിൽ എല്ലാ വേദിയിലും ബഹുമാനം മാത്രം ലഭിക്കുന്നവരാണ്.


പൊതുവായിപ്പറയുകയാണെങ്കിൽ 'പീക്കിരി' വ്യക്തിത്വം പ്രദർശിപ്പിക്കുന്ന അവസരത്തിൽ, ആളുകൾ കിട്ടുന്ന അവസരങ്ങളിലെല്ലാം 'ഓവർസ്മാർട്ടാകാൻ' ശ്രമിക്കും.

തൊഴിൽപരമായി ജനങ്ങൾ പൊടുന്നനെ താരതമ്യരീതിയിൽ 'നീ' ('ഇഞ്ഞി'), 'അവൻ' ('ഓൻ'), 'പയ്യൻ' ('ചെക്കൻ'), 'ലവൻ', 'ഒരുത്തൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ പതിക്കുന്നവർക്ക് പലപ്പോഴും ആവശ്യമായി വരുന്ന ഒരു വ്യക്തിത്വം ആണ് ഇത്.  ഇതിൽ അവരെ കുറ്റം പറയാൻ ആവില്ലതന്നെ. കാരണം, എല്ലാവരേയും എല്ലാറ്റിനേയും പൊതിയുന്നതും, ആവരണം ചെയ്യുന്നതുമായ പൈശാചിക ഭാഷാ കോഡുകളിൽ എല്ലാവരും അകപ്പെട്ടിരിക്കുകയാണ്. അതിനുള്ളിലെ വാക്ക്-കോഡുകൾ സൃഷ്ടിക്കുന്ന മാനസിക ഭാവങ്ങളിൽ നിന്നും വേറിട്ടുനിൽക്കുക എന്നത് അത്ര എളുപ്പമല്ല.   

മറ്റ് രീതിയിൽ സാമൂഹികമായി ഭാഷാ കോഡുകളിൽ തരംതാണ് നിൽക്കുന്ന അവസരത്തിൽ, എങ്ങിനെയെങ്കിലും മറ്റുള്ളവരെ കടത്തിവെട്ടിയും, മറികടന്നും, പലവിധ കായിക ശേഷികൾ പ്രദർശ്ശിപ്പിച്ചും, പൊങ്ങച്ചം പറഞ്ഞും, വലിയ ബന്ധങ്ങൾ സൂചിപ്പിച്ചും മറ്റും മുകളിൽ പിടിച്ചുകേറുക എന്ന് വേണമെങ്കിൽ ഈ കൂട്ടരുടെ പെരുമാറ്റത്തെ വിലയിരുത്താം. 

എന്നാൽ, മനുഷ്യ ജീവന്റെ സോഫ്ട്വേർ കോഡുകളുമായി (Software codes of life) കോർത്തിണങ്ങിക്കിടക്കുന്ന യാഥാർത്ഥ്യത്തിന്റെ കോഡുകളിൽ (Codes of reality) ഈ പ്രതിഭാസത്തിന് വ്യക്തമായ പരിവേഷം ഉണ്ട്. ഇതിനെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാൻ ആവില്ല. 

വാഹനം ഓടിക്കുന്നവരിൽ 'പീക്കിരി'ക്കൂട്ടരെ പെട്ടെന്ന് തിരിച്ചറിയാൻ ആകും.

അനാവശ്യമായും മറ്റുള്ളവരെ അസ്വാസ്ഥ്യപ്പെടുത്തുന്നതുമായ രീതിയിൽ ഹോൺ അടിക്കുക, വീരസാഹസികത കാട്ടുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക, മറ്റ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവരെ ശല്യം ചെയ്യുന്ന രീതിയിലും, അവരുടെ സഞ്ചാരത്തിന് തടസ്സം നൽകിയും വാഹനം ഓടിക്കുക എന്നിവ ഈ കൂട്ടരുടെ വ്യക്തമായ പെരുമാറ്റമാണ്. 

അതെ സമയം, സർക്കാർ ഓഫിസുകളിൽ വ്യക്തിത്വം കുറഞ്ഞ തൊഴിൽ സ്ഥാനങ്ങളിൽ പെടുന്നവർ, ഓഫിസിലേക്ക് എന്തെങ്കിലും കാര്യത്തിനായി വരുന്ന ആളെ സാങ്കേതികതകൾ പറഞ്ഞും അലോസരപ്പെടുത്തിയും വെറുതെയിട്ട് നടത്തിപ്പിക്കുക എന്നത് മറ്റൊരു മേഖലയിലെ പീക്കിരികളാണ്. 


തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments