INTRO O

15.   An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

ഫ്യൂഡൽ ഭാഷാ കോഡുകൾ പ്രകോപിപ്പിക്കുന്ന ചതിക്കാനുള്ള വാസനയുമായി ബന്ധപ്പെട്ട മറ്റൊരു ഉദാഹരണം നൽകാം. 

ഇങ്ഗ്ളിഷിൽ പൊതുവായി ഉപദേശിക്കപ്പെടാറുള്ള ഒരു വ്യാപാര നിർവ്വഹണ തന്ത്രമാണ് ഡെലിഗേഷൻ  (delegation of power) അഥവാ അധികാരം പങ്കിട്ടുകൊടുക്കൽ. ഇതിന്റെ രീതിയെന്തെന്നാൽ, വ്യാപാരത്തിലെ കീഴ് ജീവനക്കാർക്ക് കാര്യമായ വ്യാപാരവിവരവും, കാര്യങ്ങൾ സ്വന്തമായി നടത്തിക്കൊണ്ടുപോകാനുള്ള അധികാരങ്ങളും നൽകുക എന്നത്. 

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഇത് വളരെ അപകടം പിടിച്ച ഒരു പദ്ധതിയും തനിവിഡ്ഢിത്തവും ആയേക്കാം. 

ഇതിന് പിന്നിൽ ഫ്യൂഡൽ ഭാഷാ കോഡുകൾ നാനാവിധ വെപ്രാളങ്ങൾ മനുഷ്യമനസ്സിൽ സൃഷ്ടിക്കും.

വ്യാപാരം വലുതും, അതിന് വേണ്ടുന്ന സമ്പത്ത് വളരെയും മറ്റും ആകുമ്പോൾ, കീഴ്ജീവനക്കാർ വ്യാപാരം സ്വന്തമായി തുടങ്ങുവാൻ യത്നിക്കില്ല. സർക്കാർ ക്ളാർക്കിന് തനിക്ക് മുകളിലുള്ള ഐഏഎസ് ഓഫിസറെ മറിച്ചിട്ട്, ഐഏഎസ് ഓഫിസർ ആകാൻ പറ്റില്ല എന്ന കണക്കെ ഇതിന് ആരും തുനിയില്ല. 

എന്നാൽ സാധ്യമായി തോന്നുന്ന ഇടത്ത് കീഴ്ജീവനക്കാരനിൽ അതിനുള്ള പ്രകോപനങ്ങൾ ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകിയേക്കാം. ഇതിൽ ആ വ്യക്തിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 

ഇതിലേക്ക് നയിക്കുന്ന മാനസിക സോഫ്ട്വേർ യന്ത്ര സംവിധാനം ഇപ്രകാരം ആകാം. 

കീഴ് ജീവക്കാരൻ പലപ്പോഴും 'അവനും', 'നീയും', വെറും പേരും മറ്റുമാണ് മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ. ചിലപ്പോൾ 'പയ്യനും' ആവാം. തമിഴിൽ തമ്പി.  (മലബാറിയിൽ, 'ഇഞ്ഞ്', 'ഓൻ' തുടങ്ങിയ പദങ്ങൾ. ചിലപ്പോൾ 'ചെക്കനു'മാകാം.) ചിലപ്പോൾ 'എടാ' എന്നോ 'എടേ' എന്നോ ഉള്ള വിളിവിശേഷത്തിൽപ്പെടുന്ന ആളുമായിരിക്കും.  

മുതൽ ഉടമ 'അദ്ദേഹവും', 'അവരും', 'സാറും', 'ചേട്ടനും' മറ്റുമാണ്, വ്യാപാരത്തിലും പുറം ലോകത്തിലും. 

മുതലുടമയുടെ ഭാര്യയ്ക്കും മക്കൾക്കും ഇതിന്റെ പ്രഭാവം വാക്ക് കോഡുകളിൽ ലഭിച്ച് കൊണ്ടിരിക്കും.  ഭാര്യ 'അദ്ദേഹത്തിന്റെ' ഭാര്യയാണ്, 'അവരാണ്' അല്ലെങ്കിൽ 'മാഡമാണ്', അതുമല്ലെങ്കിൽ 'ചേച്ചി'യാണ്. 

മക്കൾ 'അദ്ദേഹത്തിന്റെ' മക്കളാണ്. 

ഇതിന്റെയെല്ലാം സൌകുമാര്യത മറ്റ് ജനങ്ങളുടെ സാമൂഹികമായ പല പെരുമാറ്റങ്ങളിലും അനുഭവിച്ച്  അവർക്ക് സുഖം ലഭിക്കും.

അതേ സമയം കീഴ്ജിവനക്കാരന്റെ ഭാര്യ 'അവന്റെ' ('ഓന്റെ') ഭാര്യയാണ്. 'അവളാണ്' (ഓളാണ്), വെറും പേരാണ്, 'നീ'യാണ് (ഇഞ്ഞിയാണ്).  മുതൽ ഉടമയുടെ ഭാര്യയുടെ മുന്നിൽ എഴുന്നേറ്റു നൽക്കേണ്ട ആളാണ്.  മുതലുടമയേയും ഭാര്യയേയും എല്ലാ സംഭാഷണങ്ങളിലും, സ്വയം താണ്, വാക്ക് കോഡുകളിൽ ഉയർത്തിപ്പിടിക്കേണ്ട ആളാണ്. ചിലപ്പോൾ പലരും 'എടീ' എന്ന സവിശേഷമായ വിളിയാലും നിർവ്വചിക്കപ്പെടുന്ന ആളാണ്. 

പലരും ഇത്രത്തോളം സങ്കീർണ്ണമായി ചിന്തിക്കില്ലെങ്കിലും, മനസ്സിൽ ഇതിന്റെയെല്ലാം അലയടി ഒരു നിഴൽപോലെ കിടക്കും. കീഴ് ജീവനക്കാരന്റെ മകൻ 'അവന്റെ' (ഓന്റെ) മകനാണ്. മുതലുടമയുടെ മക്കളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ, അവർ 'അദ്ദേഹത്തിന്റെ' മകനും, ഇക്കൂട്ടർ 'അവന്റെ' മകനും. 

ഇത് വെറും സ്വന്തം തൊഴിലുടമയുമായുള്ള താരതമ്യമായി ഒതുങ്ങി നിൽക്കില്ല. മറിച്ച് മറ്റെല്ലാ തൊഴിലുടമകളുടേയും ഭാര്യമാരുടേയും മക്കളുടേയും കാര്യത്തിലും ഇത് കീഴ്ജീവനക്കാരന്റെ മക്കൾക്ക് ബാധകമാണ്. 

കീഴ്ജീവനക്കാരനും അയാളുടെ ഭാര്യയും മക്കളും മാനസിക അഭിമാനം വളരെ കുറവുള്ളവരാണെങ്കിൽ വലിയ പ്രശ്നമില്ല. കാരണം, അവർക്ക് ലഭിക്കുന്നതോ ലഭിക്കാത്തതോ ആയ സാമൂഹിക നിലവാരത്തിൽ അവർക്ക് കാര്യമായ വേവലാതി ഉണ്ടാവില്ല. 

എന്നാൽ ഇക്കൂട്ടരിൽ ആർക്കെങ്കിലും ചെറുതായുള്ള ഒരു ആത്മാഭിമാനം (self-esteem) ഉണ്ടെങ്കിൽ പ്രശ്നമാണ്. 

കീഴ്ജീവനക്കാരൻ തന്റെ മുതലുടമയോട് എത്രതന്നെ കൂറുള്ള ആളാണെങ്കിലും, ഒന്നുകിൽ സ്വന്തം മനസ്സ്, അല്ലെങ്കിൽ അയാളുടെ ഭാര്യയുടെയോ മക്കളുടേയോ മനസ്സ്, സ്വന്തം തൊഴിലുടമയെ മറിച്ചിടാനും,  സ്വന്തമായി വളരാനും ഉത്തേജനം നൽകിക്കൊണ്ടിരിക്കും. 

എന്നാൽ പലപ്പോഴും, കീഴ് ജീവനക്കാരന്, താൻ തൊഴിൽചെയ്യുന്ന വ്യാപാരത്തിനെക്കുറിച്ചുള്ള വിവരം മാത്രമേ അനുഭവ ജ്ഞാനമായി ഉണ്ടാവുള്ളു. 

*സ്വന്തം വ്യപാര വിവരങ്ങളും അധികാരങ്ങളും കീഴ്ജീവനക്കാരന് നൽകിയ മുതൽ ഉടമക്കാണ് ഇത് പ്രശ്നമായി വരിക. 

ഈ ഒരു മാനസിക താന്തോന്നിത്തം ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ട ചരിത്രഗതിയെ,  പലപ്പോഴും സ്വന്തമായോ, അല്ലെങ്കിൽ ഇതുപോലുള്ള മറ്റ് ചില ഭാഷാ കോഡുകളോടൊപ്പമോ, കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. 

-------

*NOTE: ഇത്യാദി ആശയങ്ങളിൽ കീഴെവരുന്നവർ നല്ലവെരെന്നും മുകളിൽവരുന്നവർ ചൂഷകരെന്നും മറ്റും വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. കാരണം രണ്ട് കൂട്ടരും ഒരേ ഭാഷാകോഡുകളിൽ ആപേക്ഷികമായി വ്യത്യസ്ത നിലവാരങ്ങളിൽ നിലകൊള്ളുന്നവർ മാത്രമാണ്.  END OF NOTE തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments